Sports
സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് അരങ്ങേറും. ധകുഖാന, സിലാപത്തര്‍ എന്നിവിടങ്ങളിലായി രാവിലെ ഒമ്പതിനും ഉച്ചകഴിഞ്ഞ് രണ്ടിനുമായാണ് നാല് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. അതോടെ ഇത്തവണത്തെ സെമി ഫൈനല്‍ ചിത്രം വ്യക്തമാകും. മത്സരങ്ങള്‍ ഫിഫ പ്ലസ് ആപ്പില്‍ തത്സമയം.
നിലവിലെ ചാമ്പ്യന്മാരായ ബംഗാളിന്റെയും ഫൈനസ്റ്റുകളായ കേരളത്തിന്റെയും മത്സരങ്ങള്‍ ഉച്ചകഴിഞ്ഞ് രണ്ടിനാണ്. ബംഗാളിന്റെ എതിരാളികള്‍ ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയിലെ നാലാം സ്ഥാനക്കാരായ സര്‍വീസസ്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ കേരളത്തെ കീഴടക്കിയാണ് സര്‍വീസസ് ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കിയത്. അതേസമയം, ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരാണ് ബംഗാള്‍.
കേരളം x ആസാം
ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയില്‍ മൂന്നു ജയം ഒരു സമനില ഒരു തോല്‍വി എന്നിങ്ങനെ 10 പോയിന്റ് നേടി ഒന്നാം സ്ഥാനക്കാരായാണ് കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് എയിലെ നാലാം സ്ഥാനക്കാരാണ് ആതിഥേയരായ ആസാം. മൂന്നു സമനിലയും ഒരു ജയവും ഒരു തോൽവിയുമായി ആറ് പോയിന്റാണ് ആസാം സ്വന്തമാക്കിയത്.
ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ 3-1ന് പഞ്ചാബിനെ കീഴടക്കിയാണ് കേരളം പോരാട്ടം ആരംഭിച്ചത്. എന്നാല്‍, രണ്ടാം മത്സരത്തില്‍ റെയില്‍വേസുമായി 1-1 സമനിലയില്‍ പിരിഞ്ഞു. മൂന്നാം പോരാട്ടത്തില്‍ 1-0ന് ഒഡീഷയെ കീഴടക്കിയ കേരളം, നാലാം മത്സരത്തില്‍ 3-0ന് മേഘാലയയെ തകര്‍ത്തു. അവസാന മത്സരത്തില്‍ സര്‍വീസസിനോട് 1-0ന്റെ തോല്‍വി വഴങ്ങിയത് മാത്രമാണ് ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയില്‍ കേരളത്തിന്റെ ഏക നെഗറ്റീവ് മാര്‍ക്ക്.
ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ തമിഴ്നാടിനോട് 1-0ന്റെ തോല്‍വി വഴങ്ങിയശേഷം ശക്തമായി തിരിച്ചെത്തിയാണ് ആസാം ക്വാര്‍ട്ടറിലേക്ക് എത്തിയിരിക്കുന്നത്.
ക്വാര്‍ട്ടര്‍ ഫിക്സ്ചര്‍
റെയില്‍വേസ് x രാജസ്ഥാന്, 9.00 am
തമിഴ്നാട് x പഞ്ചാബ്, 9.00 am
ബംഗാള്‍ x സര്‍വീസസ്, 2.00 pm
കേരളം x ആസാം, 2.00 pm
Sports
ദിസ്പുർ: സന്തോഷ് ട്രോഫി ഫുട്ബോളിൽ സർവീസസിനെതിരെ കേരളം പൊരുതിത്തോറ്റു. ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽവി വഴങ്ങിയത്. ടൂർണമെന്റിൽ കേരളം ഏറ്റുവാങ്ങുന്ന ആദ്യ തോൽവിയാണിത്.
ഇതോടെ സർവീസസ് ക്വാർട്ടർ ഉറപ്പിച്ചു. 18-ാം മിനിറ്റിൽ അഭിഷേക് പവാറാണ് സർവീസസിനായി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ മധ്യനിര താരം മുഹമ്മദ് അഷർ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് കേരളത്തിന് തിരിച്ചടിയായി.
പത്തുപേരായി ചുരുങ്ങിയെങ്കിലും അവസാന നിമിഷം വരെ പൊരുതിയ കേരളത്തിന് സമനില ഗോൾ കണ്ടെത്താനായില്ല. നേരത്തെ തന്നെ കേരളം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്നു. മൂന്നിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ അസമാണ് കേരളത്തിന്റെ എതിരാളികൾ.
Sports
സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന കേരളത്തിന്റെ മത്സരം ഇന്നത്തേക്കു മാറ്റിവച്ചു. സര്‍വീസസ് ആണ് കേരളത്തിന്റെ എതിരാളികള്‍. ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ഘട്ടം ഇന്നലെ സമാപിക്കേണ്ടതായിരുന്നു.
കേരള ടീം ഹോട്ടലില്‍നിന്ന് മൈതാനത്തേക്ക് എത്താനായുള്ള അവസാനവട്ട തയാറെടുപ്പിനിടെയാണ് മത്സരം മാറ്റിവച്ചതായുള്ള അറിയിപ്പ് എത്തിയത്. മസിംഗ് ഗോത്രത്തിന്റെ ഗ്രാമത്തില്‍ യുവജനോത്സവം നടക്കുന്ന പശ്ചാത്തലത്തില്‍ ഗുതാഗതക്കുരുക്ക് ഉണ്ടായതാണ് മത്സരം മാറ്റിവയ്ക്കാനുള്ള കാരണം.
നാലു മത്സരങ്ങളില്‍നിന്ന് 10 പോയിന്റുള്ള കേരളം ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചതാണ്. ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എയിലെ നാലാം സ്ഥാനക്കാരായ ആസാം ആണ് കേരളത്തിന്റെ എതിരാളികള്‍.
റെയില്‍വേസ്, പഞ്ചാബ് ക്വാര്‍ട്ടറില്‍
ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ റെയില്‍വേസ് 2-2ന് മേഘാലയയുമായി സമനിലയില്‍ പിരിഞ്ഞപ്പോള്‍ പഞ്ചാബ് 5-2ന് ഒഡീഷയെ തകര്‍ത്തു. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഏഴ് പോയിന്റുമായി റെയില്‍വേസും പഞ്ചാബും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
പോയിന്റ് തുല്യമാണെങ്കിലും ഗോള്‍ ശരാശരിയില്‍ മുന്‍തൂക്കമുള്ള റെയില്‍വേസ് രണ്ടാമതാണ്. ഗ്രൂപ്പില്‍നിന്ന് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്ന നാലാമത് ടീമിനെ കേരളം x സര്‍വീസസ് മത്സരത്തിനു ശേഷമേ വ്യക്തമാകൂ.
കേരളത്തെ ചുരുങ്ങിയത് 1-0നു പരാജയപ്പെടുത്തിയാല്‍ സര്‍വീസസിന് ആറ് പോയിന്റുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. അഞ്ച് മത്സരവും പൂര്‍ത്തിയാക്കിയ മേഘാലയ ആറ് പോയിന്റുമായി നിലവില്‍ നാലാമതാണ്. മൂന്നു പോയിന്റുള്ള സര്‍വീസസ് അഞ്ചാമതും.
Sports
ദിബ്രുഗഢ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ ഒഡീഷയെ തകർത്ത് കേരളം. നിർണായക മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം ജയിച്ചത്. ഇതോടെ കേരളം സെമിഫൈനൽ പ്രതീക്ഷകൾ സജീവമാക്കി.
26-ാം മിനിറ്റിൽ ടി.ഷിജിനാണ് കേരളത്തിനായി വിജയഗോൾ നേടിയത്. രണ്ട് ഒഡീഷ പ്രതിരോധനിരക്കാരെ ഡ്രിബിൾ ചെയ്ത് മറികടന്ന് ഷിജിൻ തൊടുത്തുവിട്ട ഷോട്ട് വലയിൽ പതിക്കുകയായിരുന്നു.
മൂന്നുമത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമാണ് കേരളത്തിനുള്ളത്. പഞ്ചാബിനെതിരായ വിജയത്തിനും റെയിൽവേസിനെതിരായ സമനിലയ്ക്കും ശേഷം ലഭിച്ച ഈ വിജയം ടീമിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റോടെ കേരളം ഗ്രൂപ്പിൽ തങ്ങളുടെ നില ഭദ്രമാക്കിയിട്ടുണ്ട്. 29-ാം തീയതി മേഘാലയക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
Sports
സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് എയില്‍ ബംഗാളിന് തുടര്‍ച്ചയായ മൂന്നാം ജയം. നിലവിലെ ചാമ്പ്യന്മാരായ ബംഗാള്‍ ഇന്നലെ 1-0ന് രാജസ്ഥാനെ കീഴടക്കി. 89-ാം മിനിറ്റില്‍ സത്യന് ബാനര്‍ജിയുടെ വകയായിരുന്നു ബംഗാളിന്റെ വിജയഗോള്‍. ഇതോടെ ബംഗാള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കി.
ഗ്രൂപ്പ് എയിലെ മറ്റു മത്സരങ്ങളില്‍ തമിഴ്നാട് 3-0ന് നാഗാലാന്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ ആതിഥേയരായ ആസാം ഉത്തരാഖണ്ഡുമായി 1-1 സമനിലയില്‍ പിരിഞ്ഞു.
ഗ്രൂപ്പില്‍ മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒമ്പത് പോയിന്റുമായി ബംഗാള്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. ആറ് പോയിന്റ് വീതവുമായി രാജസ്ഥാനും തമിഴ്നാടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
കേരളം നാളെ ഇറങ്ങും
സന്തോഷ് ട്രോഫിയില്‍ ഇന്നു മത്സരങ്ങള്‍ ഇല്ല. ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന കേരളത്തിന്റെ അടക്കമുള്ള ഗ്രൂപ്പ് ബിയിലെ മത്സരങ്ങള്‍ നാളത്തേക്കു മാറ്റി. ഒഡീഷയാണ് നാളെ കേരളത്തിന്റെ എതിരാളികള്‍. ഉച്ചകഴിഞ്ഞ് രണ്ടിന് കേരളം x ഒഡീഷ മത്സരം. നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ റെയില്‍വേസ് പഞ്ചാബിനെ നേരിടും. മേഘാലയയും സര്‍വീസസും തമ്മിലാണ് നാളത്തെ മറ്റൊരു മത്സരം.
Sports
സിലാപത്തര്‍ (ആസാം): 79-ാം സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിനു മലപ്പുറത്തിന്റെ പൂട്ട്. ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയില്‍ തുടര്‍ച്ചയായ രണ്ടാം ജയംമോഹിച്ച് സിലാപത്തര്‍ രാജീവ്ഗാന്ധി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയ കേരളത്തിന് റെയില്‍വേസുമായി 1-1 സമനിലയില്‍ പോയിന്റ് പങ്കുവയ്ക്കേണ്ടിവന്നു. നിലവിലെ റണ്ണേഴ്സ് അപ്പായ കേരളം രണ്ടു മത്സരങ്ങളില്‍നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.
സെല്ഫില് മുന്നില്‍
തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ കാഴ്ചവച്ച കേരളത്തിനു പക്ഷേ, ഗോള്‍ സ്വന്തമാക്കാന്‍ സാധിച്ചില്ല. എന്നാല്‍, 37-ാം മിനിറ്റില്‍ കേരളത്തിനു ലീഡ്. കേരളത്തിന്റെ പ്രസിംഗില്‍ റെയില്‍വേസ് സെല്‍ഫ് ഗോള്‍ വഴങ്ങി. സോയിബം അഭിനാഷ് സിംഗിന്റെ പിഴവിലായിരുന്നു റെയില്‍വേസ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്.
മലപ്പുറം ഗോളില്‍ റെയില്‍വേ
സെല്‍ഫ് ഗോളിന്റെ ലീഡുമായി കേരളം ഒന്നാം പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയുടെ ആദ്യ 34 മിനിറ്റും കേരളം 1-0നു മുന്നില്‍. എന്നാല്‍, 80-ാം മിനിറ്റില്‍ റെയില്‍വേസ് കടം വീട്ടി. പി.കെ. ഫസീന്റെ ഗോളില്‍ റെയില്‍വേസ് 1-1ന് സമനിലയില്‍. മലപ്പുറം അരീക്കോട് സ്വദേശിയാണ് ഫസീന്‍. 77-ാം മിനിറ്റില്‍ ജോണ്സണ് ജോസഫ് മാത്യുവിന്റെ പകരക്കാരനായി ആയിരുന്നു പി.കെ. ഫസീന്‍ സൈഡ് ബെഞ്ചില്‍നിന്ന് കളത്തിലെത്തിയത്. മലപ്പുറം സ്വദേശിയായ കെ. അബ്ദു റഹീം, തിരുവനന്തപുരം സ്വദേശി ടി. ക്രിസ്തുരാജന് എന്നിങ്ങനെ രണ്ട് മലയാളികളും റെയില്‍വേസിന്റെ സംഘത്തിലുണ്ട്. ക്രിസ്തുരാജനായിരുന്നു റെയില്‍വേയുടെ ഗോള്‍വല കാത്തത്.
മുഴുവൻ സമനില
സിലാപത്തര്‍: സന്തോഷ് ട്രോഫിയില്‍ കേരളം x റെയില്‍വേസ് മത്സരം മാത്രമല്ല, ഇന്നലെ അരങ്ങേറിയ മറ്റു രണ്ടു പോരാട്ടങ്ങളും സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പ് ബിയില്‍ അരങ്ങേറിയ മറ്റു മത്സരങ്ങളില്‍ പഞ്ചാബും മേഘാലയയും 3-3നും സര്‍വീസസും ഒഡീഷയും 0-0നും സമനിലയില്‍ പിരിഞ്ഞു.
ആദ്യമത്സരത്തില്‍ 3-1നു പഞ്ചാബിനെ കീഴടക്കി കേരളവും 1-0ന് ഒഡീഷയെ തോല്‍പ്പിച്ച മേഘാലയയുമാണ് ഗ്രൂപ്പില്‍ യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളില്‍. കേരളത്തിനും മേഘാലയയ്ക്കും നാല് പോയിന്റ് വീതമുണ്ട്.
എന്നാല്‍, ഗോള്‍ വ്യത്യാസത്തില്‍ കേരളത്തിനാണ് മുന്‍തൂക്കം. റെയില്‍വേസ്, സര്‍വീസസ് ടീമുകള്‍ രണ്ടു സമനിലയോടെ രണ്ട് പോയിന്റുമായി മൂന്നും നാലും സ്ഥാനങ്ങളിലാണ്.
Sports
സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ടില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗാളിന് തുടര്‍ച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ 4-0ന് നാഗാലാന്‍ഡിനെ കീഴടക്കിയ ബംഗാള്‍, ഇന്നലെ 1-0ന് ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ചു.
ഗോള്‍രഹിത സമനിലയില്‍ മത്സരം അവസാനിക്കുമെന്നു തോന്നിപ്പിച്ച് സ്റ്റോപ്പേജ് ടൈം നിശ്ചലമാകാറായപ്പോഴായിരുന്നു ബംഗാളിന്റെ വിജയഗോള്‍ എത്തിയത്. 90+7-ാം മിനിറ്റില്‍ നരൊഹരി ശ്രേഷ്ഠയുടെ വകയായിരുന്നു ബംഗാളിന്റെ ഗോള്‍. 74-ാം മിനിറ്റില്‍ സുമയ് ഷോമിനു പകരമായി ആയിരുന്നു നരോഹരി ശ്രേഷ്ഠ മൈതാനത്ത് എത്തിയത്.
ആറ് ഗോള്‍ ത്രില്ലര്‍
ആറ് ഗോള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ ആതിഥേയരായ ആസാം 3-3ന് നാഗാലാന്‍ഡുമായി സമനിലയില്‍ പിരിഞ്ഞു. 27-ാം മിനിറ്റില്‍ ലയിവാങ് ബൊഹാമിലൂടെ നാഗാലാന്‍ഡ് ലീഡ് നേടി. 39-ാം മിനിറ്റില്‍ ദിഡ്വം ഹസോവരിയിലൂടെ ആസാം ഒപ്പമെത്തി. 54-ാം മിനിറ്റില്‍ അയെന്മോങ്ബയിലൂടെ നാഗാലാന്‍ഡ് വീണ്ടും ലീഡില്‍. 62-ാം മിനിറ്റില്‍ അക്രങ് നര്‍സാരിയിലൂടെ ആതിഥേയര്‍ വീണ്ടും സമനില നേടി. 76-ാം മിനിറ്റില്‍ തിമോത്തി നര്‍സാരിയിലൂടെ ആസാം 3-2നു മുന്നില്‍. എന്നാല്‍, 82-ാം മിനിറ്റില്‍ ആട്ടൊ ചോഫിയിലൂടെ നാഗാലാന്‍ഡ് സമനിലയും വിലപ്പെട്ട ഒരു പോയിന്റും സ്വന്തമാക്കി.
മറ്റൊരു മത്സരത്തില്‍ രാജസ്ഥാന് 1-0ന് തമിഴ്നാടിനെ തോല്‍പ്പിച്ചു. മുഹമ്മദ് അദ്നന്റെ (78) വകയായിരുന്നു രാജസ്ഥാന്റെ ഗോള്‍. ഗ്രൂപ്പ് ബിയില്‍ രണ്ടു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് പോയിന്റുമായി ബംഗാളും രാജസ്ഥാനും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുണ്ട്. മൂന്ന് പോയിന്റുമായി തമിഴ്നാടാണ് മൂന്നാമത്. ആസാം, നാഗാലാന്‍ഡ് ടീമുകള്‍ക്ക് ഒരു പോയിന്റ് വീതമുണ്ട്.
കേരളം കളത്തില്‍
സന്തോഷ് ട്രോഫി ഗ്രൂപ്പ് ബിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തിനായി കേരളം ഇന്നു റെയില്‍വേസിനെതിരേ ഇറങ്ങും. രാവിലെ ഒമ്പതിന് സിലാപത്തര്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിലാണ് മത്സരം. മത്സരം ഫിഫ പ്ലസിലൂടെ തത്സമയം കാണാം.
ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ കേരളം 3-1ന് പഞ്ചാബിനെ കീഴടക്കിയിരുന്നു. സര്‍വീസസ് ആദ്യ മത്സരത്തില്‍ റെയില്‍വേസുമായി 1-1 സമനിലയില്‍ പിരിഞ്ഞശേഷമാണ് ഇന്നു കളത്തിലെത്തുന്നത്.
Sports
ദിബ്രുഗഡ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ ശക്തരായ പഞ്ചാബിനെ വീഴ്ത്തി കേരളം. ആസാമിലെ സിലാപത്തർ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് കേരളത്തിന്റെ ജയം.
കളിയുടെ ആദ്യ പകുതിയിൽ മറുപടിയില്ലാതെ ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം മുഹമ്മദ് അജ്സൽ ഇരട്ടഗോൾ മികവിലാണ് കേരളത്തിന്റെ വിജയക്കുതിപ്പ്.
ആദ്യ പകുതിയുടെ 27-ാം മിനിറ്റിൽ പഞ്ചാബ് താരം ജതീന്ദർ സിംഗാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 55-ാം മിനിറ്റിൽ എം. മനോജിന്റെ ഗോളിൽ കേരളം സമനില പിടിച്ചു.
പിന്നാലെ കനത്ത പോരാട്ടത്തിനൊടുവിൽ 58, 62 മിനിറ്റുകളിൽ മുഹമ്മദ് അജ്സൽ തുടർച്ചയായി വലകുലുക്കിയതോടെ മത്സരം 3–1ന് അവസാനിച്ചു.
ഗ്രൂപ്പ് ബിയിൽ 24ന് റെയിൽവേസുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇറങ്ങുന്നത്.
Sports
സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനു നിലവിലെ ചാമ്പ്യന്മാരായ ബംഗാളിന്റെ വിജയാരാവത്തോടെ തുടക്കം. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളിന് നാഗാലാന്ഡിനെയാണ് ബംഗാള്‍ കീഴടക്കിയത്.
എ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന് 3-2ന് ഉത്തരാഖണ്ഡിനെ കീഴടക്കി. മറ്റൊരു മത്സരത്തില്‍ തമിഴ്നാട് 1-0ന് ആതിഥേയരായ ആസാമിനെ തോല്‍പ്പിച്ചു.
കേരളം ഇന്നിറങ്ങും
നിലവിലെ റണ്ണേഴ്സ് അപ്പായ കേരളം തങ്ങളുടെ ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ പഞ്ചാബിനെ നേരിടും. രാവിലെ ഒമ്പതിനാണ് മത്സരം.
Sports
സിലാപത്തര്‍ (ആസാം): ദേശീയ ക്ലബ് ഫുട്ബോള്‍ ലീഗ് തുലാസിലാടിയ 2025-26 സീസണില്‍, കാല്‍പ്പന്ത് ആരാധകരുടെ ആവേശമാകാന്‍ സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് ഇന്നു മുതല്‍. 2025-26 സീസണ് സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ട് ആസാമിലെ സിലാപത്തര്‍, ധരുഖാന സ്റ്റേഡിയങ്ങളിലായി അരങ്ങേറും.
79-ാം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ കിരീടാവകാശിയെ നിശ്ചയിക്കുന്ന ഫൈനല്‍ പോരാട്ടം ഫെബ്രുവരി എട്ടിനാണ്. രാവിലെ ഒമ്പത്, ഉച്ചയ്ക്ക് 1.30, 2.00 എന്നിങ്ങനെ മൂന്നു സമയങ്ങളിലായാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍. ഒരുദിവസം മൂന്നു മത്സരങ്ങള്‍ വീതം അരങ്ങേറും. 31ന് ഗ്രൂപ്പ് ഘട്ടം അവസാനിക്കും.
ചാമ്പ്യന്മാര് കളത്തില്‍
79-ാം സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ടിന്റെ കിക്കോഫ് ദിനമായ ഇന്ന് മൂന്നു മത്സരങ്ങള്‍ നടക്കും. രാവിലെ ഒമ്പതിന് രാജസ്ഥാനും ഉത്തരാഖണ്ഡും തമ്മിലാണ് ആദ്യ മത്സരം. തുടര്‍ന്ന് രണ്ടിന് നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ബംഗാള്‍ നാഗാലാന്‍ഡിനെ നേരിടും. തമിഴ്നാടും ആതിഥേയരായ ആസാമും തമ്മിലാണ് മറ്റൊരു പോരാട്ടം.
രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ ഏറ്റുമുട്ടുക. ഇരുഗ്രൂപ്പിലെയും ആദ്യ നാലു സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്കു മുന്നേറും. ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളില്‍ ക്വാര്‍ട്ടറും അഞ്ചിന് സെമിയും നടക്കും. നിലവിലെ ചാമ്പ്യന്മാരായ ബംഗാള്‍ ഗ്രൂപ്പ് എയിലും റണ്ണേഴ്സ് അപ്പായ കേരളം ഗ്രൂപ്പ് ബിയിലുമാണ്.
കേരളം x പഞ്ചാബ്
കൊച്ചിയില്‍നിന്ന് 19നു പുറപ്പെട്ട കേരള ടീം, ഡല്‍ഹി വഴി ആസാമിലെ ദിബ്രുഗഡില്‍ വിമാനമിറങ്ങി. പഞ്ചാബാണ് കേരളത്തിന്റെ ആദ്യ എതിരാളി. നാളെ രാവിലെ ഒമ്പതിനാണ് പഞ്ചാബ് x കേരളം മത്സരം. സര്‍വീസസ് x റെയില്‍വേസ്, ഒഡീഷ x മേഘാലയ മത്സരങ്ങളും നാളെ നടക്കും.
ഒരു മാസത്തിലധികം നീണ്ട പരിശീലനത്തിനുശേഷമാണ് കേരളം എട്ടാം കിരീടം ലക്ഷ്യംവച്ച് ആസാമില്‍ പറന്നിറങ്ങിയിരിക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് 2100 അടി ഉയരമുള്ള വയനാട്ടിലെ ജില്ലാ സ്റ്റേഡിയത്തിലായിരുന്നു കേരളത്തിന്റെ ആദ്യ ക്യാമ്പ്.
ആസാമിലെ സ്റ്റേഡിയങ്ങള്‍ സമുദ്രനിരപ്പില്‍നിന്ന് 1500-3200 അടി ഉയരത്തിലുള്ളതാണ്. ഏഴ് തവണ സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയ കേരളം, ഒമ്പത് തവണ റണ്ണേഴ്സ് അപ്പായിട്ടുണ്ട്. 2022ലാണ് അവസാന കിരീട നേട്ടം. പ്രതിരോധതാരം ജി. സഞ്ജുവാണ് കേരളത്തിന്റെ ക്യാപ്റ്റന്‍. എം. ഷഫീഖ് ഹസനാണ് കോച്ച്.
Sports
കൊച്ചി: 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. എറണാകുളം സ്വദേശിയായ പ്രതിരോധതാരം ജി. സഞ്ജുവാണ് ടീമിന്റെ ക്യാപ്റ്റന്‍. സഞ്ജുവിന്റെ തുടര്‍ച്ചയായ അഞ്ചാം സന്തോഷ് ട്രോഫിയാണിത്.
കഴിഞ്ഞവര്‍ഷവും സഞ്ജുവായിരുന്നു കേരള ടീമിന്റെ ക്യാപ്റ്റന്‍. സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്സിയുടെ താരമായിരുന്നു. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ നഷ്ടപ്പെട്ട കപ്പ്, ഇത്തവണ സ്വന്തമാക്കുകയാണ് കേരള ടീമിന്റെ ലക്ഷ്യം. ആസാമില്‍ ഈ മാസം 21നാണ് സന്തോഷ് ട്രോഫിയുടെ കിക്കോഫ്. മുന്‍ ചാമ്പ്യന്മാരായ പഞ്ചാബിന് എതിരേ 22നാണ് കേരളത്തിന്റെ ആദ്യ മത്സരം. സിലാപത്തര്‍, ധകുഖാന സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍. ടീം 19നു കൊച്ചിയില്‍നിന്ന് പുറപ്പെടും.
ഒമ്പത് പുതുമുഖങ്ങള്‍
22 അംഗ ടീമില്‍ ഒമ്പത് പുതുമുഖങ്ങളാണ്. ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണം സമ്മാനിച്ച വയനാട് സ്വദേശി എം. ഷഫീഖ് ഹസനാണ് മുഖ്യ പരിശീലകന്. മുന്‍ സന്തോഷ് ട്രോഫി താരം എബിന് റോസ് സഹപരിശീലകനായുണ്ട്. ഇന്ത്യന്‍ മുന്‍താരം കെ.ടി. ചാക്കോ ഗോള്‍കീപ്പര്‍ കോച്ച്, ഫിസിയോ അഹമ്മദ് നിഹാല്‍ റഷീദ്, വീഡിയോ അനലിസ്റ്റ് കിരണ്‍ നാരായണന് എന്നിവരാണ് മറ്റ് ഒഫീഷല്‍സ്. ചടങ്ങില്‍ ടീമിന്റെ പുതിയ ജഴ്സിയും തീം സോംഗും പുറത്തിറക്കി. ക്യൂട്ടി ദ ബ്യൂട്ടി സോപ്പാണ് ടൈറ്റില്‍ സ്പോണ്സര്. പാലാരിവട്ടം റിനൈ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള ഫുട്ബാള്‍ അസോസിയേഷന് പ്രസിഡന്റ് നവാസ് മീരാനാണ് ടീമിനെ പ്രഖ്യാപിച്ചത്.
ചടങ്ങില്‍ ക്യൂട്ടി ദ ബ്യൂട്ടി സോപ്പ് ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ.പി. ഖാലിദ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഇസ്മയില്‍ ഖാലിദ്, ഇബ്രാഹിം ഖാലിദ്, കേരള ഫുട്ബാള്‍ അസോസിയേഷന് ഹോണററി പ്രസിഡന്റ് ടോം ജോസ്, ട്രഷറര്‍ റെജിനാള്‍ഡ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഷാജി സി. കുര്യന്, സ്കോര്‍ ലൈന്‍ സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സന്തോഷ് ട്രോഫി കേരള ടീം
ഗോള്‍കീപ്പര്‍മാര്‍: ടി.വി. അല്‍കേഷ് രാജ് (സെന്‍ട്രല്‍ എക്സൈസ്-തൃശൂര്‍), എസ്. ഹജ്മല്‍ (കെഎസ്ഇബി-പാലക്കാട്), എം. മുഹമ്മദ് ജസീന് (മലപ്പുറം എഫ്സി-മലപ്പുറം).
പ്രതിരോധനിര: ജി. സഞ്ജു (കേരള പൊലീസ്-എറണാകുളം), എം. മനോജ് (കാലിക്കട്ട് എഫ്സി-തിരുവനന്തപുരം), അജയ് അലക്സ് (സെന്‍ട്രല്‍ എക്സൈസ്-എറണാകുളം), ബിബിന്‍ അജയന് (തൃശൂര്‍ മാജിക് എഫ്സി- എറണാകുളം), എസ്. സന്ദീപ് (കണ്ണൂര്‍ വാരിയേഴ്സ്-മലപ്പുറം), അബ്ദുള്‍ ബാദിഷ് (തിരുവനന്തപുരം കൊമ്പന്‍സ്-മലപ്പുറം), തേജസ് കൃഷ്ണ (തൃശൂര്‍ മാജിക് എഫ്സി- പാലക്കാട്).
മധ്യനിര: എം.എം. അര്ജുന് (കണ്ണൂര്‍ വാരിയേഴ്സ് എഫ്സി- തൃശൂര്‍), വി. അര്ജുന് (കെഎസ്ഇബി- കോഴിക്കോട്), ഒ.എം. ആസിഫ് (കണ്ണൂര്‍ വാരിയേഴ്സ്- എറണാകുളം), എം. വിഘ്നേഷ് (കെഎസ്ഇബി- തിരുവനന്തപുരം), എന്‍.എ. അബൂബക്കര്‍ ദില്‍ഷാദ് (റിയല്‍ മലബാര്‍ എഫ്സി- കാസര്‍ഗോഡ്).
മുന്നേറ്റനിര: ടി. ഷിജിന് (കണ്ണൂര്‍ വാരിയേഴ്സ്- തിരുവനന്തപുരം), മുഹമ്മദ് അജ്സല്‍ (കേരള ബ്ലാസ്റ്റേഴ്സ്- കോഴിക്കോട്), ഇ. സജീഷ് (കേരള പൊലീസ്- പാലക്കാട്), പി.ടി. മുഹമ്മദ് റിയാസ് (കാലിക്കട്ട് എഫ്സി- പാലക്കാട്), എം.പി. മുഹമ്മദ് സിനാന് (കണ്ണൂര്‍ വാരിയേഴ്സ്- പാലക്കാട്), ഇ. മുഹമ്മദ് ആഷിഖ് (കാലിക്കട്ട് എഫ്സി- മലപ്പുറം), എന്‍.എ. മുഹമ്മദ് അഷര്‍ (തിരുവനന്തപുരം കൊമ്പന്‍സ്- തൃശൂര്‍).
Sports
കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിനെ 15നു പ്രഖ്യാപിക്കും. ഈ മാസം 21 മുതൽ ആസാമിലാണ് 2025-26 സീസൺ സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ട്.
ഫെബ്രുവരി എട്ടിനാണ് ഫൈനൽ. നിലവിലെ ഫൈനലിസ്റ്റുകളായ കേരളത്തിന്റെ ക്യാന്പ് വയനാട് ആരംഭിച്ചു.
Kerala
മലപ്പുറം: എറണാകുളം മഹാരാജാസ് മൈതാനത്തായിരുന്നു റെയിൽവേയുമായുള്ള കേരളത്തിന്റെ സന്തോഷ് ട്രോഫി ഫൈനൽ. മണി എന്ന ടി.കെ. സുബ്രഹ്മണ്യനായിരുന്നു നായകൻ.
കളിക്കളത്തിലെ മിന്നുന്ന പ്രകടനം ഇന്നും ഓർമിക്കുന്നവർ ഏറെ. നജിമുദ്ദീൻ നൽകിയ പാസ് എന്നു കമന്ററി ബോക്സിൽനിന്നുയർന്ന ദൃക്സാക്ഷി വിവരണം. മുള പാകിയ ഗാലറിയിൽ തിങ്ങിനിറഞ്ഞ കാണികളുടെ കൈയടിയിലും ആർപ്പുവിളിയിലും അത് ലയിച്ചു. ക്യാപ്റ്റൻ മണിയുടെ കാലിൽനിന്നു പിറന്ന ഹാട്രിക്കിൽ രണ്ടു ഗോളുകൾക്കു വഴി തെളിച്ചത് നജിമുദ്ദീന്റെ ഒന്നാന്തരം പാസായിരുന്നു. കേരളം എത്രയോ തവണ കേട്ടതും നേരിൽ കണ്ടതുമായ സംഗതി. ടീമംഗങ്ങളിൽനിന്നാണ് ഇത്തവണ ആ പ്രകടന വിവരണം ഒരിക്കൽ കൂടി കേട്ടത്.
വിഷൻ 2031 - കായികവകുപ്പിന്റെ സംസ്ഥാനതല സെമിനാറിനോടനുബന്ധിച്ച് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന പ്രഥമ സന്തോഷ് ട്രോഫി ജേതാക്കളായ ടീമംഗങ്ങൾക്ക് മലപ്പുറം പ്രസ് ക്ലബ് ഒരുക്കിയ ആദരത്തിലായിരുന്നു പഴയതാരങ്ങളുടെ സംഗമം. 52 വർഷങ്ങൾക്കുശേഷം കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോൾ സമ്മാനിച്ച ടീമംഗങ്ങളുടെ ഒത്തുകൂടൽ മലപ്പുറത്തിന് ആവേശമായിരുന്നു.
26 അംഗ ടീമംഗങ്ങളിൽ ഇന്ന് ജീവിച്ചിരിപ്പുള്ള മുഴുവൻ പേരെത്തിയിരുന്നില്ല. ഒന്‍പതു പേരാണ് എത്തിയിരുന്നത്. പ്രായത്തിന്റെ അവശതകൾ അലട്ടിയെങ്കിലും അന്നത്തെ മത്സരത്തിന്റെ വീറും വാശിയും അവരുടെ മുഖത്ത് പ്രകടമായിരുന്നു. അന്നത്തെ മത്സരത്തെപ്പറ്റി ചോദിച്ചപ്പോൾ മറുപടി നെടുനീളൻ പാസുപോലെ അതിവേഗമായിരുന്നു. 1973 ഡിസംബർ 27ന് കൊച്ചി മഹാരാജാസ് മിനി സ്റ്റേഡിയത്തിലായിരുന്നു മത്സരം. സ്റ്റേഡിയത്തിൽ അന്‍പതിനായിരത്തോളം കാണികളുണ്ടായിരുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. എതിരാളികൾ ശക്തരായിരുന്നു, റെയിൽവേ.
മൂന്നുതവണ ജേതാക്കളായ റെയിൽവേസിനെ ഫൈനലിൽ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്കു തകർത്താണ് സ്വന്തം കാണികൾക്കു മുന്നിൽ കേരളത്തിന്റെ കിരീടം നേട്ടമെന്ന് അവർ പറഞ്ഞു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ചരിത്രം പിറക്കുകയായിരുന്നുവെന്നും താരങ്ങൾ ഓർത്തെടുത്തു.
ടീമിലെ വിക്ടർ മഞ്ഞില, സേവ്യർ പയസ്, എൻ.കെ. ഇട്ടിമാത്യു, അബ്ദുൾ ഹമീദ്, എം. മിത്രൻ, ബ്ലസി ജോർജ്, കെ.പി. വില്ല്യംസ്, ജി. രവീന്ദ്രൻ നായർ, പ്രസന്നൻ എന്നീ ഒന്‍പതു പേരാണ് എത്തിയത്. 26 അംഗ ടീമിലെ 12 പേർ മരണപ്പെട്ടു. ബാക്കിയുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങൾ കാരണം പങ്കെടുക്കാൻ സാധിച്ചില്ല.മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മഹേഷ്കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. നിസാർ, സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് യു. ഷറഫലി, വി.എം. സുബൈർ എന്നിവർ പ്രസംഗിച്ചു.
Movies
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന സന്തോഷ് ട്രോഫി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. നിർമാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം 60 പുതുമുഖങ്ങളുടെ നിര വരുന്നത്.
പുതിയ കഥകളിലൂടെ യുവ പ്രേക്ഷകരെ കൈയിലെടുക്കുന്ന വിപിൻ ദാസ് ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്നുള്ള സംവിധാന ചിത്രമാണിത്. ലിസ്റ്റിനുമായി ചേർന്നുള്ള ആദ്യ ചിത്രവും.
പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങളെയും അവതരിപ്പിക്കുന്നു എന്നതാണ് ഈ പ്രോജക്ടിനെ കൂടുതൽ സവിശേഷമാക്കുന്നത്.
നിർമാണത്തിൽ മാത്രമല്ല കെജിഎഫ്, കാന്താര, സലാർ എന്നീ ചിത്രങ്ങളുടെ വിതരണത്തിലും പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിന്റെ മാജിക് ഫ്രെയിംസും കൈകോർത്ത് ഗംഭീര വിജയങ്ങൾ നേടിയിട്ടുണ്ട്.
പുതിയ ചിത്രമായ കാന്താര ചാപ്റ്റർ -1 ലൂടെയും ഇരുകമ്പനികളും വീണ്ടും കൈകോർക്കുന്നു. വിജയങ്ങൾ കുറിക്കുന്ന ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം സന്തോഷ് ട്രോഫിയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. പിആർഓ -മഞ്ജു ഗോപിനാഥ്.